Banking

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഇനി എടിഎം പിന്‍ ഇല്ല, പകരം ഒടിപി; ഇടപാടുകള്‍ സുരക്ഷിതമാക്കാനുള്ള പുതിയ ആര്‍ബിഐ നീക്കം

മുംബൈ: പേമെന്റ് ഗേറ്റ്വേകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിര്‍ബന്ധമാക്കി. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കുമാണ് പുതിയ നിര്‍ദേശം ബാധകമാകുക. എ.ടി.എം./ക്രെഡിറ്റ് കാര്‍ഡ് 'പിന്‍'(പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഉപയോഗിച്ച് ഇത്തരം ഇടപാടുകള്‍ പാടില്ലെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.

പേമെന്റ് കമ്പനികള്‍ക്കും പേമെന്റ് ഗേറ്റ്വേകള്‍ക്കുമായി ആര്‍.ബി.ഐ. പുറത്തിറക്കിയ വിശദമായ മാര്‍ഗരേഖയിലാണ് നിര്‍ദേശം. ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനും ഇടപാടുകാരുടെ പണം സുരക്ഷിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് നിര്‍ദേശങ്ങള്‍. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പേമെന്റ് കമ്പനികള്‍ എ.ടി.എം. 'പിന്‍' ചോദിക്കാന്‍ പാടില്ല. 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഉറപ്പിക്കാന്‍ ഒ.ടി.പി. ഉപയോഗിക്കണം. പേമെന്റ് ഗേറ്റ്വേ കമ്പനികള്‍ക്കോ ഹാക്കര്‍മാര്‍ക്കോ ഇടപാടുകാരുടെ എ.ടി.എം. 'പിന്‍' ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇടപാടുകള്‍ റദ്ദാക്കുമ്പോള്‍ പണം മടക്കി നല്‍കുന്നതിനും കൃത്യമായ നിര്‍ദേശമുണ്ട്. ഏത് സ്രോതസ്സില്‍ നിന്നാണോ പണമെത്തിയത് അവിടേക്കുതന്നെ പണം തിരിച്ചുനല്‍കണം. മറ്റൊരു സ്രോതസ്സിലേക്ക് പണം മാറ്റാന്‍ പാടില്ല. ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ മടക്കി നല്‍കുന്ന തുക അവരുടെ പ്ലാറ്റ്ഫോമിലുള്ള ഇ-വാലറ്റ് അക്കൗണ്ടിലേക്ക് മാറ്റാറുണ്ട്. ഇതുമൂലം ഇടപാടുകാര്‍ക്ക് ഈ പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കാഷ് ബാക്ക് ഓഫറിന്റെ കാര്യത്തില്‍ ഇത് ബാധമാകില്ല. വ്യാപാരികള്‍ക്ക് പ്രവേശിക്കാവുന്ന ഡേറ്റാ ബേസിലോ, സെര്‍വറിലോ, മര്‍ച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.

Author

Related Articles